കോവിഡിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ആരെന്ന കാര്യത്തിൽ തർക്കമില്ല. ഒടിടി പ്ലാറ്റ്ഫോമുകളും ഇ– കൊമേഴ്സ് സൈറ്റുകളും. രണ്ടുമേഖലയിലെയും അജയ്യസാന്നിധ്യമാണ് ആമസോൺ. കാറ്റുള്ളപ്പോൾ പരമാവധി ലാഭം കൊയ്യാൻ തന്നെ തീരുമാനിച്ചിറങ്ങിയിരിക്കുന്ന ആമസോണിന്റെ ഏറ്റവും വലിയ വികസ്വര വിപണിയാണ് ഇന്ത്യ.
എതിരാളികളോടുള്ള മത്സരം ഇഞ്ചോടിഞ്ച്. ഫ്ലിപ്കാർട്ടിന്റെ ദ് ബിഗ് ബില്യൺ ഡേയ്സ് ഫ്ലാഗ്ഷിപ് സെയിൽ തുടങ്ങുന്ന ദിവസം തന്നെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുമായി എത്തിയിരിക്കുകയാണ് ആമസോൺ. മുൻപ് ഒക്ടോബർ 4നു തുടങ്ങുമെന്ന് അറിയിച്ചിരുന്ന സെയിൽ ഫ്ലിപ്കാർട്ടുമായുള്ള മത്സരം കാരണം 3നു തന്നെ തുടങ്ങുന്നു. സ്റ്റോറേജ് നെറ്റ്‌വർക്കിനും ചരക്കുനീക്കത്തിനും ഡെലിവറിക്കുമായി 1,10,000 താൽക്കാലിക തസ്തികകളാണ് ആമസോൺ ഇന്ത്യയിൽ സൃഷ്ടിച്ചിരിക്കുന്നത്. സ്റ്റോറേജ് കപ്പാസിറ്റി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 15 സംസ്ഥാനങ്ങളിൽ 60 സെന്ററുകളും തുറന്നിട്ടുണ്ടെന്ന് ആമസോൺ ഇന്ത്യ പറയുന്നു.
ആമസോണിന്റെ ഫെസ്റ്റിവൽ ഒരുമാസം നീളുന്നതാണ്. 450 നഗരങ്ങളിൽ നിന്നായി 75000 പ്രാദേശിക വ്യാപാരികളിൽ നിന്ന് ആമസോൺ ഇതിനായി ചരക്കുകൾ സ്വീകരിക്കുന്നു എന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പുത്തൻ ഉണർവു നൽകുമെന്ന് പ്രതീക്ഷിക്കാം. ഗ്ലോബൽ ബ്രാൻഡുകളുമായി ചേർന്നുള്ള ധാരണയ്ക്ക് പുറമേയാണിത്. ആമസോൺ ലോഞ്ച് പാഡ്, ആമസോൺ സഹേലി, ആമസോൺ കാരിഗരി എന്ന പേരിൽ പുതിയ പ്രോഡക്ടുകളുടെ സർപ്രൈസ് അവതരണവും ആമസോൺ ഫെസ്റ്റിവലിലുണ്ട്.
സാംസങ് മുതൽ ലിവൈസ് വരെയും ആപ്പിൾ മുതൽ ടാറ്റാ ടീ വരെയുമുള്ള ബ്രാൻഡുകൾ പുതിയ പ്രോഡക്ടുകൾ പരിചയപ്പെടുത്താൻ കണ്ടെത്തിയിരിക്കുന്ന വേദിയും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തന്നെ. 2019ലുണ്ടായ റെക്കോർഡ് വിൽപനയെ ഇക്കുറി മറികടക്കുമെന്നാണ് ആമസോണിന്റെ മാർക്കറ്റ് റിസർച്ച് വിഭാഗത്തിന്റെ കണ്ടെത്തൽ.
English Summary: Amazon India creates more than 1.1 lakh seasonal job opportunities ahead of festive season