കൊച്ചി∙ എറണാകുളം മഹാരാജാസ് കോളജ് ക്യാംപസില്‍നിന്നു മരം കടത്താനുള്ള ശ്രമം വിദ്യാര്‍ഥികള്‍ തടഞ്ഞു. മുറിച്ചിട്ടിരുന്ന മരമാണ് കടത്താന്‍ ശ്രമിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിക്ക് എതിര്‍വശത്ത് പുതിയ ലൈബ്രറി ബ്ലോക്കിനടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയില്‍ മരം കയറ്റുന്നതുകണ്ട വിദ്യാര്‍ഥികളാണ് സംഘത്തെ തടഞ്ഞത്.
ചോദ്യം ചെയ്തതോടെ അധികൃതരുടെ അനുമതിയുണ്ടെന്നായിരുന്നു മറുപടി. സംശയം തോന്നിയ വിദ്യാര്‍ഥികള്‍ വാഹനം തടഞ്ഞിട്ടു. ഇതിനിടെ ലോറിയിലെത്തിയവര് സ്ഥലത്തുനിന്നു പിന്മാറി. ലൈബ്രറി കെട്ടിടത്തിന് പിന്നിലായി ജല അതോറിറ്റിയുടെ മുറ്റത്തേക്ക് ചരിഞ്ഞുപോയ ആല്‍മരം അടക്കമുള്ളവ മുറിച്ചിട്ടിരുന്നു.
ഇതു നീക്കണമെങ്കില്‍ വനംവകുപ്പിന്റെ വിലനിര്‍ണയം, അതിന്റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണം. ഇതൊന്നും ചെയ്തിട്ടില്ലെന്നും മരം കൊണ്ടുപോകാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.