തിരുവനന്തപുരം:ഏതെങ്കിലും ഒരു വിഷയത്തിലെ ബി ടെക് ബിരുദത്തോടൊപ്പം മറ്റൊരു വിഷയത്തിൽ മൈനർ ബിരുദവുംകൂടി നൽകുന്ന “മൈനർ ഇൻ എൻജിനിയറിങ്” എന്ന ആശയവുമായി എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല. ആദ്യ ബാച്ച് 2023-ൽ പുറത്തിറങ്ങും.തെരഞ്ഞെടുക്കുന്ന എൻജിനീയറിങ് ശാഖയിൽ ബിരുദത്തോടൊപ്പം മറ്റൊരു എൻജിനിയറിങ് ശാഖയിൽ മൈനർ ബിരുദം കൂടി ലഭിക്കുന്നതാണ് ഈ സംവിധാനം. മൈനർ ബിരുദത്തിനായി ആ ശാഖയിലെ നാല് വിഷയംകൂടി പഠിക്കുകയും ഒരു പ്രോജക്റ്റ് വിജയകരമായി പൂർത്തിയാക്കുകയും വേണം. ഉദാഹരണത്തിന്, സിവിൽ എൻജിനിയറിങ് പഠിക്കുന്ന വിദ്യാർഥി ആർക്കിടെക്ചർ വിഭാഗത്തിൽനിന്നും നാല് അധിക വിഷയവും ഒരു പ്രോജക്റ്റുംകൂടി പൂർത്തിയാക്കിയാൽ “ബിടെക് ഇൻ സിവിൽ എൻജിനിയറിങ് വിത്ത് മൈനർ ഇൻ ആർക്കിടെക്ചർ” എന്ന ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കും.50-ലധികം മൈനർ പ്രോഗ്രാമുകളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മെഷീൻ ലേണിങ്, ബയോമെഡിക്കൽ എൻജിനിയറിങ്, അപ്ലൈഡ് മാത്തമാറ്റിക്സ്, റോബോട്ടിക്സ്, മെറ്റീരിയൽ സയൻസ്, സ്മാർട്ട് മാനുഫാക്ചറിങ് തുടങ്ങിയ സാങ്കേതിക മേഖലകളും മൈനർ കോഴ്സുകളിൽ ഉൾപ്പെടുന്നു. വിവിധ എൻജിനിയറിങ് മേഖലകൾ തമ്മിലുള്ള സംയോജിത പ്രേജക്ടുകൾ ഏറ്റെടുക്കാനും വിദ്യാർഥികളുടെ പഠന, നൈപുണ്യ, തൊഴിൽശേഷി വർധിപ്പിക്കാനും കഴിയും.