ന്യൂഡൽഹി ∙ സിബിഎസ്ഇ 10,12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷകൾ നവംബർ 30, ഡിസംബർ 1 തീയതികളിൽ ആരംഭിക്കും. മേജർ വിഷയങ്ങളാണ് അന്നാരംഭിക്കുക. പത്താം ക്ലാസ്സിൻറെ മൈനർ വിഷയങ്ങളിലെ പരീക്ഷകൾ നവംബർ 17നും പന്ത്രണ്ടാം ക്ലാസ്സിൻറേതു 16നും ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിൻറെ എളുപ്പത്തിനു വേണ്ടി മേജർ, മൈനർ വിഷയങ്ങളായി തരം തിരിച്ചാണ് ആദ്യ ടേം പരീക്ഷ നടത്തുകയെന്നു സിബിഎസ്ഇ നേരത്തേ അറിയിച്ചിരുന്നു. ഹിന്ദി, കണക്ക്, സയൻസ്, ഇംഗ്ലിഷ് തുടങ്ങിയ വിഷയങ്ങൾ മേജർ വിഭാഗത്തിലും തമിഴ്, മലയാളം തുടങ്ങിയ ഭാഷകൾ, സംഗീതം തുടങ്ങിയ വിഷയങ്ങൾ മൈനർ വിഭാഗത്തിലുമാണ്.പത്താം ക്ലാസ് പരീക്ഷ ഡിസംബർ 11നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ 18നും അവസാനിക്കും. അതേസമയം, പരീക്ഷകൾ നവംബർ 15ന് ആരംഭിക്കുമെന്ന തരത്തിൽ പ്രചരിച്ചിരുന്ന ടൈംടേബിൾ വ്യാജമാണെന്നും വിദ്യാർഥികൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.